കൊടുങ്ങല്ലൂരിൽ പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ നിയമപരമായി ഏറ്റെടുക്കാൻ തീരുമാനമായി. കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിൽ അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ യുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
അടിയന്തിര സാഹചര്യം വന്നാൽ രോഗികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച്, അവിടെയുള്ള മറ്റ് രോഗികളെയും പ്രസവത്തിന് വരുന്ന സ്ത്രീകളെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ഇക്കാര്യത്തിൽ ഐ.എം.എ.യുടെ സഹായ സഹകരണങ്ങൾ പൂർണ്ണമായും ഉണ്ടാകുമെന്ന് ഐ.എം.എ പ്രതിനിധി യോഗത്തിൽ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പ്രവാസികൾക്ക് വീട്ടിൽ നിർദ്ദിഷ്ട സൗകര്യങ്ങളുണ്ടെങ്കിൽ ഹോംക്വാറന്റൈൻ അനുവദിക്കും. സൗകര്യങ്ങളില്ലാത്തവർക്ക് പെയ്ഡ് ക്വാറന്റൈന് സൗകര്യപ്രദമായ മുറികൾ ലഭ്യമാക്കും. നഗരസഭയിൽ ഇപ്പോൾ 80 പേർ വീടുകളിലും 2 പേർ സഥാപനങ്ങളിലും നിരീക്ഷണത്തിലുണ്ട്.