കോവിഡ് രോഗികളെ പരിചരിച്ച നേഴ്സിനും കുടുംബത്തിനും ആദരവുമായി മുല്ലശ്ശേരി പഞ്ചായത്ത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പാടൂർ പ്രൈമറി ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഡെപ്യൂട്ടേഷനിൽ് 20 ദിവസത്തോളം രോഗികളെ പരിചരിച്ച കണ്ണങ്ങാത്തെ വാഴപ്പിള്ളി വീട്ടിൽ പരേതനായ വേലായുധന്റെ മകൻ വി വി സുനീഷിനെ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി വീട്ടിലെത്തി പൊന്നാട ചാർത്തി ആദരിച്ചു.
സുനീഷുൾപ്പെടെ മൂന്ന് പേരാണ് ഈ കുടുംബത്തിൽ നിന്ന് നഴ്സിങ് മേഖലയിൽ പ്രവർത്തിക്കുന്നത്. നഴ്സിംഗ് കുടുംബമായി അറിയപ്പെടുന്ന ഈ കുടുംബത്തിൽ നിന്ന് കഴിഞ്ഞ 11 വർഷമായി നേഴ്സായി സേവനം ചെയ്യുന്ന സുനീഷ് മൂന്ന് വർഷം മുൻപാണ് സർക്കാർ സർവീസിൽ പ്രവേശിക്കുന്നത്. സുനീഷിന്റെ അമ്മ കോമളം നേഴ്സിങ്ങ് അസിസ്റ്റന്റായാണ് വിരമിച്ചത്. സഹോദരി മിനി മുല്ലശ്ശേരി സി എച്ച് സിയിൽ നേഴ്സായി സേവനം ചെയ്യുന്നു.