സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുന്നതിനാൽ ശക്തൻ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ശക്തൻ മത്സ്യ പച്ചക്കറി മാർക്കറ്റുകളുടെ പ്രവർത്തനത്തിന് നേരത്തെ നിബന്ധനകൾ കൊണ്ടുവന്നിരുന്നു. എന്നാൽ തൃശൂർ ജില്ല ഗ്രീൻ സോണിൽ ആയതിനുശേഷം മാർക്കറ്റിൽ ഇവ പാലിക്കപ്പെടുന്നില്ല എന്ന് പരാതി ഉയർന്നു. ശക്തൻ മാർക്കറ്റിൽ വരുന്നവർ മാസ്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് ശരിയായ രീതിയിൽ അല്ല എന്നും എസിപി രാജു വി കെ വ്യക്തമാക്കി.
വാഹന നിയന്ത്രണം നീക്കിയതിനാൽ ശക്തൻ മാർക്കറ്റിൽ തിരക്ക് അനിയന്ത്രിതമായി കൂടിവരുന്നു. കായ കച്ചവടം പൂർണമായും ശക്തൻ സ്റ്റാൻഡിലേക്ക് മാറ്റും. മൊത്തക്കച്ചവടക്കാർ പോയശേഷം രാവിലെ ഒമ്പതിന് മാത്രമേ ചില്ലറ വിൽപനക്കാർ മാർക്കറ്റിൽ പ്രവേശിക്കാൻ പാടുളളൂ.
കടകളിലെ എല്ലാ തൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് തൊഴിലുടമകൾ നൽകണം. സാമൂഹ്യ അകലം പാലിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കളക്ടർ നിർദ്ദേശിച്ചു. പണം കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കണം. തൊഴിലാളികളും കടക്കാരും തമ്മിലുള്ള സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. ഇനിയും ഇത് പാലിച്ചില്ലെങ്കിൽ നിയമപരമായി നേരിടുമെന്നും അതിന് മുൻപ് കടകൾക്ക് ആവശ്യമായ നോട്ടീസ് നൽകുമെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ അറിയിച്ചു. ഇനിയും നിയമലംഘനങ്ങൾ കാണ്ടാൽ മാർക്കറ്റിലെ കച്ചവടം ഒന്നിടവിട്ട ദിവസങ്ങളിലാക്കി നിയന്ത്രിക്കുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.