റേഷൻ രണ്ടു സംസ്ഥാനങ്ങളിൽ; മയിലാടുംപാറ എൻ.സിയിൽ അരിയെത്തിച്ച് മലക്കപ്പാറ പോലീസ്

അതിർത്തി ഗ്രാമമായ മയിലാടുംപാറ എൻ.സി നിവാസികൾ പോലീസിന്റെ കരുതൽ മൂലം ഏറെ ആശ്വാസത്തിലാണ് ഇപ്പൊൾ. തമിഴ്‌നാടിന്റെ വാൽപ്പാറയ്ക്കും കേരളത്തിന്റെ മലക്കപ്പാറയ്ക്കും ഇടക്കുള്ള ഇൗ പ്രദേശത്ത് താമസിക്കുന്ന 19 തേയിലത്തൊഴിലാളി കുടുംബങ്ങളുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ പോലീസ് സഹായമെത്തിക്കുക യായിരുന്നൂ. മയിലാടുംപാറ എൻ.സി. യിലെ പതിനൊന്നു കുടുംബങ്ങളുടെ റേഷൻ കാർഡ് വാൽപ്പാറയിലെ വാഗമലയിലാണ്. വാൽപ്പാറയിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ അതിർത്തിയും അടച്ചു. ഇതോടെ ഇൗ കുടുംബങ്ങൾ പ്രതിസന്ധിയിലായി.

ബാക്കിയുള്ള കുടുംബങ്ങൾക്ക്‌ മലക്കപ്പാറ ചെക്‌പോസ്റ്റിനടുത്തുള്ള റേഷൻകടയിൽനിന്നാണ് ഭക്ഷ്യധാന്യങ്ങൾ കിട്ടേണ്ടിയിരുന്നത്. ആയതിനാൽ റേഷൻ വാങ്ങാനായി 13 കിലോമീറ്റർ നടക്കാനായിരുന്നു ഇവരുടെ തീരുമാനം. സംഭവ മറിഞ്ഞ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ടി.പി. മുരളീധരനും സി.പി.ഒ. രതീഷും ജീപ്പ് ഡ്രൈവർ രാജേഷും മലക്കപ്പാറ സ്റ്റേഷനിൽനിന്ന്‌ 18 കിലോമീറ്റർ ദൂരെയുള്ള വാഗമലയിലേക്ക് ജീപ്പ് ഓടിച്ചുപോയി കുടുംബങ്ങൾക്കുള്ള
ഭക്ഷ്യധാന്യങ്ങൾ വാങ്ങി മയിലാടുംപാറ എൻ.സി.യിലെത്തിച്ചു. മലക്കപ്പാറ റേഷൻകടയിൽനിന്നുള്ള അരിച്ചാക്കുകളും കുടുംബങ്ങൾക്ക് എത്തിച്ചുനൽകി.ഇതോടെ നാടിന്റെ നായകന്മാരാവുകയാണ് മലക്കപ്പാറയിലെ പോലീസുകാർ.