ജില്ലയിലെ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതവും നാടകീയവുമായ രാഷ്ട്രീയ നീക്കങ്ങൾ.

ജില്ലയിലെ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതവും നാടകീയവുമായ രാഷ്ട്രീയ നീക്കങ്ങൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി പയറ്റുന്ന ‘ഓപ്പറേഷൻ താമര’യ്ക്ക് സമാനമായ നീക്കങ്ങൾക്കാണ് മറ്റത്തൂർ സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടി വിട്ട കോൺഗ്രസ് അംഗങ്ങളും ബിജെപിയും ചേർന്ന് സ്വതന്ത്ര അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിപ്പിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എട്ട് കോൺഗ്രസ് അംഗങ്ങൾ ഡിസിസി അധ്യക്ഷന് രാജിക്കത്ത് നൽകി പാർട്ടി വിടുകയായിരുന്നു. തുടർന്ന് ഇവർ ബിജെപി അംഗങ്ങൾക്കൊപ്പം ചേർന്ന്, കോൺഗ്രസ് വിമതയായി ജയിച്ച സ്വതന്ത്ര അംഗം ടെസി ജോസിനെ പിന്തുണച്ചു. ഇതോടെ എൽഡിഎഫിനെ മറികടന്ന് ടെസി ജോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവാവുകയും ചെയ്തു.

ഇരുപത്തിനാല് അംഗങ്ങളുള്ള പഞ്ചായത്തിൽ പത്ത് സീറ്റുകളുമായി എൽഡിഎഫ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് എട്ടും ബിജെപിക്ക് നാലും അംഗങ്ങളാണുണ്ടായിരുന്നത്. കോൺഗ്രസ് വിമതരായ രണ്ട് സ്വതന്ത്രരും ജയിച്ചിരുന്നു. ഇതിൽ വിമതനായി ജയിച്ച ഔസേപ്പിനെ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയതാണ് കോൺഗ്രസ് അംഗങ്ങളെ പ്രകോപിപ്പിച്ചത്.

എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് അംഗങ്ങൾ ബിജെപിയുമായി കൈകോർത്തത്. എന്നാൽ, ബിജെപിയുമായുള്ള ഈ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് പ്രകടനം നടത്തി.