കയ്പമംഗലം ∙ അമിത വൈദ്യുതി പ്രവാഹത്തിൽ വീടിനുള്ളിലെ ഉപകരണങ്ങൾ കത്തിനശിച്ചു. കെ എസ് ഇ ബിയുടെ 33 കെവി ടവർ ലൈനിൽ കാക്കയ്ക്കു ഷോക്കേറ്റതിനെ തുടർന്നാണ് അമിത വൈദ്യുതി പ്രവാഹം ഉണ്ടായത്. കയ്പമംഗലം ബോർഡ് കിഴക്ക് കണ്ടേങ്ങാട്ടിൽ സാജന്റെ വീട്ടിലെ വൈദ്യുത ഉപകരണങ്ങളാണ് കത്തി നശിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. സാജന്റെ വീടിനോട് ചേർന്നാണ് 33 കെവി ടവർ ലൈൻ കടന്നു പോകുന്നത്.
സാജന്റെ വീട്ടിലെ വൈദ്യുത മീറ്റർ, ഫാൻ, മെയിൻ സ്വിച്ച്, സ്വിച്ച് ബോർഡുകൾ, ഫാൻ, വയറിങ്, മറ്റുപകരണങ്ങൾ എന്നിവ പൂർണമായും കത്തി നശിച്ചു. സംഭവ സമയം വീടിനുള്ളിൽ ആളുകൾ ഉണ്ടായെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായെന്നു വീട്ടുകാർ പറഞ്ഞു. ഒരു വർഷം മുൻപും സമാന രീതിയിൽ ഷോർട്ട് സർക്യൂട്ട് മൂലം അപകടം ഉണ്ടായതായും ഒന്നര ലക്ഷം രൂപ ചെലവാക്കിയാണ് വയറിങ് പൂർണമായും മാറ്റിയതെന്നും വീട്ടുടമ പറഞ്ഞു.







