മാള വൈന്തലയിൽ അങ്കണവാടി അധ്യാപികയുടെ കണ്ണിൽ മുളകുപൊടി വിതറി 3 പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത പ്രതികൾ പിടിയിൽ

മാള വൈന്തലയിൽ അങ്കണവാടി അധ്യാപികയുടെ കണ്ണിൽ മുളകുപൊടി വിതറി 3 പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ വൈന്തല കടമ്പനാട്ട് വീട്ടിൽ അഞ്ജന (23), മേലഡൂർ കാരക്കാട്ട് ജീസൻ (18) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു. വൈന്തല അങ്കണവാടിയിലെ അധ്യാപിക വെണ്ണൂർ സ്വദേശി നെല്ലിശേരി മോളി ജോർജിൻ്റെ മാലയാണ് ഇവർ കവർന്നത്.

അങ്കണവാടിയിലേക്കും തിരിച്ചും വർഷങ്ങളായി മോളി വിജനമായ പുന്നേക്കാട്ടുപാലം റോഡിലൂടെയാണ് നടന്നു പോകുന്നതെന്നറിയാവുന്ന പ്രതികൾ തിങ്കളാഴ്ച്‌ച ഇവരുടെ മാലപൊട്ടിക്കാൻ പദ്ധതിയിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

അങ്കണവാടിയിൽ നിന്നു മടങ്ങി വരികയായിരുന്ന മോളിയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കഴുത്തിൽ കുത്തിപ്പിടിച്ച് മാല പൊട്ടിക്കുകയായിരുന്നു. ബഹളം വച്ച മോളിയെ റോഡിൽ തള്ളിയിട്ട് ഇരുവരും കടന്നുകളഞ്ഞു. അഞ്ജനയെ പരിചയമുണ്ടായിരുന്നതിനാൽ വഴിയിൽ അഞ്ജനയുണ്ടായിരുന്നത് മോളി ശ്രദ്ധിച്ചിരുന്നു. ഇക്കാര്യം പൊലീസിനോട് പറഞ്ഞതോടെ അന്വേഷണം ആ വഴിക്കായി. ഇതിനിടെ മോഷ്‌ടിച്ച മാല വിൽക്കാനായി അഞ്ജനയും ജീസനും ചാലക്കുടിയിലേക്ക് പോയിരുന്നു. അന്വേഷണത്തിൽ മോഷ്ടാക്കൾ ചാലക്കുടി ഭാഗത്തുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു.