തൃപ്രയാർ ∙ ചേറ്റുവ ഹാർബറിൽ റെക്കോർഡ് സൃഷ്ടിച്ച് ഒരു ദിവസം 25 ലക്ഷം രൂപ വിലവരുന്ന 12 ടൺ കേര മത്സ്യത്തിന്റെ (ടൂണ) വിൽപന നടന്നു. ആഴക്കടലിൽ മീൻപിടിത്തം നടത്തി തിരിച്ചെത്തിയ ചേറ്റുവ മുളയ്ക്കൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള ഗാലക്സി ബോട്ടിലെ കേര മത്സ്യങ്ങളാണ് മിന്നൽ വേഗത്തിൽ ഇത്രയും തുകയ്ക്ക് വിറ്റത്.
ഒരു ബോട്ടിൽ ഒരേതരം മത്സ്യങ്ങൾ ലഭിച്ചതും വൻതുകയ്ക്ക് വിൽപന നടത്തുന്നതും ഹാർബറിൽ ഇതാദ്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കടലിൽ പോയ 8 പേരടങ്ങുന്ന മത്സ്യത്തൊഴിലാളി സംഘത്തിൽ 5 പേർ ലക്ഷദ്വീപുകാരും 3 പേർ കൊല്ലം സ്വദേശികളുമാണ്. ഓരോ മത്സ്യവും 40 മുതൽ 75 കിലോ വരെ തൂക്കമുണ്ട്. 3 പ്രാദേശിക മത്സ്യവിപണന കമ്പനിക്കാരാണ് കയറ്റുമതി ലക്ഷ്യമാക്കി കേര വാങ്ങിയത്



