
തൃശൂർ. പാലിയേക്കര ടോൾ പ്ലാസയുടെ ടോൾ പിരിക്കാനുള്ള കാലാവുധി 2026 ൽ നിന്ന് 2028 ലേയ്ക്ക് നീട്ടി കൊടുത്തിരുന്നു. ഇതേ തുടർന്ന് കരാർ കമ്പനി ന്യായമായ ലാഭമുണ്ടാക്കിയിട്ടും ടോൾ പിരിവ് തുടരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്, അഡ്വ. ഗംഗേഷ് മുഖാന്തിരം കേരള ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുസ്താഖ്, പി.കൃഷ്ണകുമാർ എന്നിവർ അടങ്ങുന്ന ബെഞ്ച് കേസ് വാദത്തിന് എടുത്തു. ഹർജിക്കാരുടെ ഭാഗം വാദം കേട്ട കോടതി ഫെബ്രുവരി 22 ന് മുമ്പ് കരാർ കമ്പനിയോട് റോഡ് പണിക്ക് ചെലവായ സംഖ്യയുടെ കണക്കുകളും കമ്പനി ന്യായമായി ഉദ്ദേശിക്കുന്ന ലാഭസംഖ്യയെ കുറിച്ചുള്ള കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇടക്കാല ഉത്തരവ് നൽകി. എന്നാൽ അതിനുശേഷം രണ്ട് തവണ കേസ് വാദത്തിന് വന്നിട്ടും ഈ രേഖകൾ ടോൾ കമ്പനി ഹാജരാക്കിയില്ല. ഇതേ തുടർന്നാണ് കോടതി അന്തിമ നിർദ്ദേശം നൽകിയത്. ഏപ്രിൽ 7 ന് ഉള്ളിൽ റോഡ് പണിക്ക് ചെലവായ സംഖ്യയുടെ കണക്കുകളും കമ്പനി ന്യായമായി ഉദ്ദേശിക്കുന്ന ലാഭസംഖ്യയെ കുറിച്ചുള്ള കണക്കുകളും കരാർ കമ്പനി ഹാജരാക്കിയില്ലെങ്കിൽ ഹർജിയിൽ കോടതി ഉത്തരവ് പറയുമെന്ന് കരാർ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും ഹൈക്കോടതി അന്ത്യശാസനം നൽകിയിരിക്കുകയാണ്.