2.44 കോടി അബദ്ധത്തില്‍ അക്കൗണ്ടിലെത്തി, അടിച്ചു പൊളിച്ചു ചെലവാക്കി..

    arrested thrissur

    തൃശ്ശൂർ: സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് തങ്ങൾ അറിയാതെ രണ്ടുകോടി രൂപ എത്തി. ഇതുമായി ബന്ധപ്പെട്ട് അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവർ അറസ്റ്റിലായി. 2.44 കോടി രൂപയാണ് ഇവർ ചെലവാക്കിയത്. സൈബർ കം പോലീസാണ് ഇവരെ പിടികൂടിയത്. കോടികൾ അക്കൗണ്ടിലായതോടെ ഇവർ മത്സരിച്ച് ചെലവാക്കാനും തുടങ്ങി. ചെലവാക്കും തോറും പണം പിന്നെയും വന്നു. ഇതുപയോഗിച്ച് ഫോൺ ഉൾപ്പെടെ പലതും വാങ്ങി.

    ഷെയർ മാർക്കറ്റിലും മറ്റും പണമിറക്കി. കടങ്ങൾ വീട്ടി.ട്രേഡിങ് നടത്തി. എല്ലാംകൂടി 2.44 കോടി ചെലവാക്കി. ഘട്ടംഘട്ടമായി എത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. 171 ഇടപാടുകളാണ് നടത്തിയത്.

    ബാങ്കിന്റെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടപ്പോൾ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ബാങ്ക് പരാതിപ്പെട്ടതോടെയാണ് പോലീസ് ഇവരെ തേടിയെത്തിയത്. അറസ്റ്റിലായയാൾക്ക് അക്കൗണ്ടുള്ള ബാങ്കും മറ്റൊരു ബാങ്കും തമ്മിൽ ലയനനീക്കം നടന്നുകൊണ്ടിരി ക്കുകയായിരുന്നു.

    ഇതിനിടയിലാണ് അബദ്ധത്തിൽ കോടികൾ ഇവരുടെ അക്കൗണ്ടിലെത്തിയതെന്ന് കരുതുന്നു. ലയനസമയത്തെ സാഹചര്യം ഇവർ മുതലെടുക്കാൻ ശ്രമിക്കുകയായിരുന്നോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

    ഇവർക്കെതിരേ മറ്റ് കേസുകൾ നിലവിലില്ലെന്ന് പോലീസ് പറയുന്നു. ഇവർ ചെലവാക്കിയതിൽ ഭൂരിഭാഗം തുകയും തിരിച്ചുപിടിക്കാനായി. ഏതാനും ലക്ഷങ്ങൾ കിട്ടാനുണ്ട്. അനർഹമായ തുക ചെലവാക്കിയതാണ് ഇവർക്ക് വിനയായത്. ഇങ്ങനെ കൂടുതൽ പണം അക്കൗണ്ടിൽ വന്നാൽ ബാങ്കിനെ അറിയിക്കേണ്ടതായിരു ന്നുവെന്ന് പോലീസ് പറയുന്നു.