മണ്ണുത്തി∙ ശ്വാന പ്രദർശനം നടക്കുന്നതിനിടെ വെറ്ററിനറി കോളജ് മൈതാനത് കൂറ്റൻ മരം കടപുഴകി വീണു 4 പേർക്കു പരുക്ക്. 4 വാഹനങ്ങൾക്ക് കേടുപാടു പറ്റി.
ശ്വാന പ്രദർശനം നിയന്ത്രിക്കാനെത്തിയെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആനപ്പാറ കൊമ്പത്ത് പറമ്പിൽ നല്ലവീരന്റെ മകൻ ഉദണ്ഡൻ (73), തോപ്പിൽ വീട്ടിൽ ചാമിയുടെ മകൻ നല്ലവീരൻ (72), തെക്കുംകര താഴുത്തേതിൽ വീട്ടിൽ വേലുവിന്റെ മകൻ രാമചന്ദ്രൻ (64) പുത്തുർ പയ്യേരി വീട്ടിൽ ശങ്കുവിന്റെ മകൻ രവീന്ദ്രൻ (65), എന്നിവർക്കാണ് പരുക്ക് പറ്റിയത്.

ശ്വാന പ്രദർശനത്തിനു മൃഗങ്ങളുമായി എത്തിയവരുടെ വാഹനങ്ങൾക്കാണു കോടുപാട് സംഭവിച്ചത്. വാഹനങ്ങളിൽ ഉണ്ടായിരുന്ന മൃഗങ്ങൾക്കു പരുക്കില്ല. ഞായറാഴ്ച 12.15 നാണ് അപകടം.
ശ്വാന പ്രദർശനത്തിന് മൃഗങ്ങളുമായി എത്തിയവരും കാണാൻ എത്തിയവരുടെയും തിരക്കിനിടയിലാണ് വലിയ ശബ്ദത്തോടെ മല്ലി മരം വീണത്. ശബ്ദം കേട്ട് ചുവട്ടിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ വിവിധ ഇനത്തിൽപെട്ട വില കൂടിയ ഇനം നായ്ക്കൾ ഉണ്ടായിരുന്നു. ഒരു കാർ പൂർണമായി തകർന്നു.
മറ്റു 3 കാറുകൾക്കും ഭാഗികമായി കോടുപാടുണ്ട്. ഉടൻ തന്നെ മണ്ണുത്തി പൊലീസും തൃശൂരിൽ നിന്നു അഗ്നിരക്ഷാ സേനയും എത്തി അപകടത്തിൽ പെട്ടവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







