ചികിത്സക്കായി പോയി വെല്ലൂരിൽ കുടുങ്ങിയ കുടുംബത്തെ എം എൽ എ യും, കലക്ടറും, മന്ത്രിമാരും ഇടപെട്ട് നാട്ടിലെത്തിച്ചു.അതിരപ്പള്ളി തൊഴുത്തിങ്ങൽ വീട്ടിൽ ശിവദാസനും കുടുംബവും ഭാര്യയുടെ ചികിത്സക്കായാണ് കഴിഞ്ഞ മാസം വെല്ലൂരിലേക്ക് പോയത്. ശനിയാഴ്ച ഡിസ്ചാർജ് ചെയ്തെങ്കിലും ലോക്ക് ഡൗൺ കാരണം അവിടെ തന്നെ തുടരുകയായിരുന്നു. തുടർന്ന് കുടുംബം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിജു വാഴക്കാല മുഖാന്തരം എംഎൽഎ ബി ഡി ദേവസ്സ്യയെ അറിയിച്ചു. എം എൽ എ മന്ത്രി എ. സി മൊയ്തീന്റെയും കളക്ടർ എസ് ഷാനവാസിന്റെ യും സഹായത്തോടെ ആരോഗ്യവകുപ്പ് മേധാവിയുടെ പ്രത്യേക അനുമതി നേടി. ഇതേത്തുടർന്ന് ഇവരെ കൊണ്ടുവരാൻ അതിരപ്പള്ളിയിലെ 108 ആംബുലൻസ് അനുവദിച്ചു.
വെല്ലൂരിലെ ആശുപത്രി ആംബുലൻസിൽ അതിർത്തിയായ വാളയാറിൽ എത്തിച്ചിരുന്നു, എന്നാൽ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനാൽ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കേരള കോവിഡ് 19 വാർ റൂം വഴി പ്രത്യേക അനുമതി ലഭ്യമാക്കി.തുടർന്ന് വിഎസ് വിഷ്ണു, ജിബിൻ ജോയ് എന്നീ 108 ആംബുലൻസ് ജീവനക്കാരുടെ സഹായത്തോടെ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളജിൽ എത്തിച്ചു. കുടുംബം ഇപ്പോൾ നിരീക്ഷണത്തിലാണ്.