ചെന്നൈയിലെ എം.ജി.ആർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കമ്പാർട്ടുമെൻറ് വളഞ്ഞ് സിനിമാ സ്റ്റൈലിലാണ് തൃശ്ശൂർ ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും പ്രതികളെ അറസ്റ്റ് ചെയ്തത്.
വെസ്റ്റ് ബംഗാൾ ബൊറാംഷക്പൂർ സ്വദേശി ഷെയ്ക് മക് ബുൾ (31), തെങ്കന സ്വദേശി മുഹമ്മദ് കൌഷാർ ഷെയ്ക് (45) ഇവർ കഴിഞ്ഞ ജൂൺ 16ന് പൂങ്കുന്നത്ത് പൂട്ടികിടന്ന വീട് കുത്തിപൊളിച്ച് മുപ്പത്തിയെട്ടു പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ പ്രതികൾ മോഷണം നടത്തിയത്.
മോഷ്ടാക്കളെ പിടികൂടാൻ അസിസ്റ്റൻറ് കമ്മീഷണർ വി.കെ രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്ക്കരിച്ചിരുന്നു. സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന 88 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചതിൽ നിന്നും ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണം ആസൂത്രണം ചെയ്യുന്നതിന് ഇവർ തൃശ്ശൂരിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നതായും കണ്ടെത്തി.
പ്രതികൾ പശ്ചിമബംഗാൾ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണ സംഘം ബംഗാളിലേക്ക് യാത്രതിരിച്ചു. പ്രതികൾ വ്യാജ മേൽവിലാസത്തിൽ സംഘടിപ്പിച്ച സിംകാർഡ് ആണ് ഉപയോഗിച്ചിരുന്നത്. ദിവസങ്ങളോളം ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന ഗ്രാമങ്ങളിൽ നടത്തിയ തെരച്ചിലുകളിലാണ് അന്വേഷണ സംഘം പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്.
ഇവരുടെ താമസ്ഥലങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളായ രണ്ടുപേരും കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം പുറപ്പെട്ടതായും, ചെന്നൈയിൽ എത്തിയതായും വിവരം ലഭിച്ചു. ഉടൻതന്നെ പോലീസ് സംഘം ചെന്നൈയിലേക്ക് യാത്ര തിരിച്ചു. തീവണ്ടിയിൽ സഞ്ചരിച്ചിരുന്ന പ്രതികളെ ചെന്നൈയിലെ എം.ജി.ആർ റെയിൽവേ സ്റ്റേഷനിൽവെച്ച് തീവണ്ടി കമ്പാർട്ടുമെൻറ് വളഞ്ഞാണ് പിടികൂടിയത്.
പ്രതികളെ അറസ്റ്റുചെയ്ത സംഘാംഗങ്ങൾ… ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ. കെ. സി. ബൈജു, സിവിൽ പോലീസ് ഓഫീസർമാരായ കെ. എസ് അഖിൽ വിഷ്ണു. അഭീഷ് ആൻറണി, സി.എ വിബിൻ, പി.സി. അനിൽകുമാർ.