വൈദ്യുതി നിരക്ക് വർധനവിൽ ഇരുട്ടടിയായത് തൃശൂർ കോർപ്പറേഷന്. ലൈസൻസികളിൽ ഏറ്റവും ഉയർന്ന നിരക്ക് നിശ്ചയിച്ചിരിക്കുന്നത് കോർപ്പറേഷനാണ്. കഴിഞ്ഞ ദിവസം വരെ യൂണിറ്റിന് 6.05 രൂപക്ക് വൈദ്യുതി ലഭിച്ചിരുന്ന കോർപ്പറേഷന് പുതുക്കിയ നിരക്ക് നിലവിൽ വന്ന 26 മുതൽ 6.50 രൂപയായി മാറി.

സംസ്ഥാനത്ത് കെ.എസ്.ഇ.ബിയിൽ നിന്നും വൈദ്യുതി വാങ്ങുന്ന ലൈസൻസികളിൽ ഏറ്റവും ഉയർന്ന നിരക്കാണ് തൃശൂർ കോർപ്പറേഷന് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി വിതരണാവകാശമുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശൂർ കോർപ്പറേഷൻ. പ്രതിമാസം 1,27,19,800 യൂണിറ്റ് വൈദ്യുതിയാണ് കോർപ്പറേഷൻ കെ.എസ്.ഇ.ബിയിൽ നിന്നും വാങ്ങുന്നത്.

22,019 ഗാർഹിക കണക്ഷനുകളും 188 കാർഷിക കണക്ഷനുകളും 128 ഹൈടെൻഷൻ സപ്ളൈയും 17,726 ഗാർഹികേതര കണക്ഷനുകളും 501 വ്യവസായിക കണക്ഷനുകളുമായി 40,562 കണക്ഷനുകളിലായി 1,17,26,148 യൂണിറ്റ് വൈദ്യുതി ആണ് വിൽക്കുന്നത്. 9,93,652 യൂണിറ്റ് വൈദ്യുതി പ്രസരണ നഷ്ടമുണ്ടാകുന്നുവെന്നാണ് കോർപ്പറേഷൻ കണക്ക്.



