
വിദ്യാലയങ്ങൾക്ക് സമീപത്തുള്ള റോഡുകളിലെ അനധികൃത പാർക്കിങ്ങ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം. രാവിലെ 8.30 മുതൽ 10.30 വരെയും
വൈകുന്നേരങ്ങളിലും പാർക്കിങ്ങ് ഒരു
തരത്തിലും അനുവദിക്കില്ലെന്ന് ജില്ലാ
കലക്ടർ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും ജില്ലാകലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡന്‍സ് ട്രാവല്ലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

അനധികൃത പാർക്കിങ്ങുള്ള പൂങ്കുന്നത്ത് ഒരാഴ്ച കൂടുമ്പോൾ സ്ക്വാർഡ് പ്രവർത്തനം നടത്തും. രാവിലെ 8.30 മുതൽ 10 വരെയും വൈകുന്നേരം 3.30 മുതൽ 5 വരെയും ടിപ്പർ തുടങ്ങിയ വാഹനങ്ങൾക്ക് യാത്ര അനുവദിക്കില്ല.
വിദ്യാർത്ഥികൾക്കുള്ള കൺസഷൻ കാർഡുകൾ അനുവദിക്കുന്നതിന് ജൂലൈ 15 വരെ സമയം അനുവദിച്ചു.താലൂക്ക് തലത്തിൽ ആഗസ്റ്റ് രണ്ടാം വാരം പിടിഎ പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവരെ ഉൾപ്പെടുത്തി സമയബന്ധിതമായി യോഗം ചേരാൻ ജോയിന്റ് ആർടിഒമാർക്ക് നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് 40 കിലോമീറ്റർ പരിധിയിൽ യാത്ര ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആർ.ടി.ഒ നിർദ്ദേശം നൽകും.



