കൊടുങ്ങല്ലൂർ: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയിൽ തൂങ്ങിമരിച്ചു. തിരുവഞ്ചിക്കുളം ചെമ്മനത്ത് പ്രസാദദിൻ്റെ മകൻ വിഷ്ണുവാണ് (25) മരിച്ചത്. ടി.കെ.എസ് പുരത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. വിഷ്ണുവിൻ്റെ സുഹൃത്തും അയൽവാസിയുമായ വിദ്യാർഥി ബുധനാഴ്ച തൂങ്ങിമരിച്ചിരുന്നു. ഇതിൻ്റെ മനോവിഷമത്തെ തുടർന്നാണെന്ന് പറയുന്നു. ഇയാൾ ബുധനാഴ്ച വൈകീട്ട് ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാർ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഇയാളെ വ്യാഴാഴ്ച രാവിലെ 11ഓടെ മുറിയിലേക്ക് മാറ്റിയിരുന്നു. വൈകീട്ട് നാലോടെ മുറിക്കുള്ളിലുണ്ടായിരുന്ന അച്ഛനെ ജ്യൂസിനായി പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം വാതിലടച്ച് ബെഡ് ഷീറ്റ് കൊണ്ട് തൂങ്ങുകയായിരുന്നു. കുറച്ചുനാൾ ഗൾഫിലായിരുന്ന വിഷ്ണു ഇപ്പോൾ തൃപ്രയാർ വൈ മാളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരുകയാണ്. മാതാവ്: ഷീല. സഹോദരി: കൃഷ്ണേന്ദു.





