
ചാവക്കാട്: വ്യാജ ഗാർഹികപീഡന പരാതിയിൽ കേസെടുത്ത് 80-കാരനെ പോലീസ് മർദിച്ചതായി പരാതി. മകളും ഭാര്യയും നൽകിയ വ്യാജ പരാതിയിൽ കേസെടുത്ത പോലീസ് തന്നെ സ്റ്റേഷനിലേക്കു വിളിപ്പിക്കുകയും സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.എസ്. സെൽവരാജ് മർദിക്കുകയും ചെയ്തെന്ന് പോലീസ് തന്നെ മർദിച്ചതായി മുഖ്യമന്ത്രി, ഡി.ജി.പി. തുടങ്ങിയവർക്ക് പരാതി നൽകിയത്.
പോലീസ് മർദനത്തെത്തുടർന്നുള്ള വേദന അധികരിച്ചതിനാൽ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. 80-കാരനാണെന്ന പരിഗണനപോലും നൽകാതെയാണ് പോലീസ് മർദിച്ചതെന്നും മർദനത്തെത്തുടർന്ന് നട്ടെല്ലിന് ക്ഷതമുണ്ടാവുകയും കേൾവിശേഷി കുറയുകയും ചെയ്തെന്ന് അഷറഫലി പറയുന്നു.
ഗാർഹിക പീഡനക്കേസിൽ റിമാൻഡിലായിരുന്ന അഷറഫലി കഴിഞ്ഞ ദിവസമാണ് ജാമ്യം നേടിയത്. തന്റെ സമ്പാദ്യംകൊണ്ടുണ്ടാക്കിയ വീട്ടിൽ നിന്ന് തന്നെ ഇറക്കിവിടാനാണ് മക്കൾ ശ്രമിക്കുന്നതെന്ന് അഷറഫലി പറഞ്ഞു.
പോലീസ്സ്റ്റേഷനിൽവെച്ച് ഭാര്യയെയും മകളെയും അഷറഫലി മർദിക്കാൻ ശ്രമിച്ചപ്പോൾ പിടിച്ചുമാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് എസ്.എച്ച്.ഒ. കെ.എസ്. സെൽവരാജ് പറഞ്ഞു. മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും എസ്.എച്ച്.ഒ. പറഞ്ഞു.