കണ്ണാറ. ഒരപ്പൻകെട്ടിലെ കയത്തിൽ വീണ് അബോധാവസ്ഥയിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി ഫോറസ്റ്റ് വാച്ചർ സജി കട്ടച്ചിറ. കണ്ണാറ സ്വദേശിയായ കാരക്കട ഷാജിയുടെ മകൻ അലക്‌സാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളുമൊത്ത് ഒരപ്പൻകെട്ട് സന്ദർശിക്കാൻ എത്തിയതായിരുന്നു അലക്‌സ്. അപ്രതീക്ഷിതമായി കയത്തിൽ വീണ അലക്‌സ് അബോധാവസ്ഥയിലാവുകയും മുങ്ങിത്താഴുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ടാണ് വനം വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ഒരപ്പൻ കെട്ടിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചറായ സജി ഓടിയെത്തിയതും വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയതും. ഉടൻ സജിയും സഹപ്രവർത്തകരും ചേർന്ന് വിദ്യാർത്ഥിക്ക് പ്രഥമ ശുശ്രൂഷ നൽകിയാണ് ജീവൻ രക്ഷിച്ചത്.