
കുന്നംകുളം: നഗരസഭാ ഓഫീസിന് സമീപം ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. തൃശൂർ പൂങ്കുന്നം സ്വദേശി വിശ്വംബരന്റെ ഭാര്യ മുതുവീട്ടിൽ ഗീത (48) ആണ് മരിച്ചത്. മകൻ വിനീഷ് ഓടിച്ച ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു യുവതി. തൃശ്ശൂർ റോഡിൽ നിന്ന് ഓനീറോ ജംഗ്ഷൻ വഴി വൺവേയിലൂടെ തിരിഞ്ഞു പോകുന്ന ലോറിയും എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിനീഷ് തെറിച്ചു വീണു. റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.