
തൃശ്ശൂർ: ഇരയെ വിവാഹം കഴിച്ചതിനാൽ ജാമ്യം നൽകണമെന്ന പീഡനക്കേസ് പ്രതിയുടെ ആവശ്യം കോടതി തള്ളി. കൊടുങ്ങല്ലൂർ എടവിലങ്ങ് കുഞ്ഞുമാക്കൻപുരയ്ക്കൽ സിതീഷ്ജിത്തി (23)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് തള്ളിയത്. 2020 ഒക്ടോബറിലാണ് സംഭവം. പെൺകുട്ടിയെ ചെറായി ബീച്ചിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടി ഗർഭിണിയായി. തുടർന്ന് കേസിൽനിന്ന് രക്ഷപ്പെടാൻ പ്രതി പെൺകുട്ടിയെ താലികെട്ടുകയായിരുന്നു. ശൈശവവിവാഹം നടത്തിയത് നിയമവിരുദ്ധമാണെന്നും കേസിൽനിന്ന് രക്ഷപ്പെടുന്നതിനാണ് പ്രതി പെൺകുട്ടിയെ താലികെട്ടിയതെന്നും പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു വാദിച്ചു. ഇരയെ വിവാഹം ചെയ്തതിനാൽ ജാമ്യം നൽകണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.