
മന്ദലാംകുന്ന് കിണര്‍ ലക്ഷം വീട് താമസിക്കുന്ന പൂവ്വാങ്കര നൗഷാദിന്റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ച മോഷണം നടന്നത്. പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന പണവും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായുള്ള മൊബൈല്‍ ഫോണും മോഷ്ടാവ് കൊണ്ടുപോയി. മതില്‍ ഗേറ്റ് തുറന്ന് അകത്ത് കയറി വീടിന്റെ ഗ്രില്‍ വിടവിലൂടെ കൈയിട്ട് ഓടാമ്പല തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. വരാന്തയോട് ചേര്‍ന്നുള്ള റൂമില്‍ കയറി ടേബിളിന് മുകളില്‍ വെച്ചിരുന്ന പേഴ്‌സില്‍ നിന്നാണ് പണം എടുത്തിട്ടുള്ളത്. വെള്ളിയാഴ്ച്ച മറ്റൊരാള്‍ക്ക് കൊടുക്കുവാനായി വെച്ചിരുന്ന 6600 രൂപയാണ് നഷ്ടപ്പെട്ടത്. കുട്ടികള്‍ക്ക് പഠിക്കാന്‍ അടുത്തിടെ വാങ്ങിയ സ്മാര്‍ട്ട് ഫോണും മോഷ്ടാവ് കൊണ്ടുപോയി. കാല്‍ പെരുമാറ്റം കേട്ട് ഉണര്‍ന്ന നൗഷാദിന്റെ ഭാര്യ മോഷ്ടാവിനെ കണ്ടെങ്കിലും ആളെ വ്യക്തമായില്ലെന്ന് നൗഷാദ് പറയുന്നു. ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഇറങ്ങിയോടി. പിന്തുടര്‍ന്ന് പോയി നോക്കിയെങ്കിലും കണ്ടത്താനായില്ല. വടക്കേക്കാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.