ചാവക്കാട്: ഓപ്പറേഷൻ പി- ഹണ്ടിന്റെ ഭാഗമായി ചാവക്കാട് മേഖലയിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിനും സമൂഹ മാധ്യമങ്ങളിലൂടെ കാണുകയും, ഡൗൺലോഡ് ചെയ്യുകയും ചെയ്തതിന് മൂന്നു വീടുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കടപ്പുറം അഞ്ചങ്ങാടി, തിരുവത്ര പുത്തൻകടപ്പുറം, ഇരട്ടപ്പുഴ മേഖലകളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൂന്നു ഫോണുകളും പൊലീസ് പിടിച്ചെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു ചാവക്കാട് പൊലീസ് മിന്നൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് ചാവക്കാട് എസ്.എച്ച്.ഒ കെ.പി. ജയപ്രസാദ് അറിയിച്ചു.