റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്നു സി പി എം നേതാവ് മരിച്ചു..

കേച്ചേരി: പാറന്നൂരിലെ റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്നു സി പി എം നേതാവ് മരിച്ചു.സി പി എം കേച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും റിട്ട. ജില്ല സഹകരണബാങ്ക് മാനേജരുമായ തലക്കോട്ടുകര ചിറയത്ത് വീട്ടില്‍ ജെയിംസിനെ (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7. 30ന് കേച്ചേരിയില്‍ നിന്ന് ചൂണ്ടലിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് പാറന്നൂര്‍ റോഡരികിലെ സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍ സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കായി എടുത്ത കുഴിയില്‍ ജെയിംസ് വീണത്. രാത്രിയില്‍ കാണാവുന്ന രീതിയിലല്ല റോഡില്‍ സിഗ്‌നല്‍ ബോര്‍ഡുകള്‍ വെച്ചിരുന്നത്. സ്‌കൂട്ടറില്‍ വന്ന ജെയിംസ് ബോര്‍ഡില്‍ തട്ടി കുഴിയില്‍ വീഴുകയായിരുന്നു. പിറകേ വന്നിരുന്ന ചാവക്കാട് സ്വദേശിയായ യുവാവാണ് ജെയിംസിനെ കുഴിയില്‍ നിന്നും പുറത്തെടുത്തത്. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ജെയിംസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയുടെ മുന്‍ഭാഗം പിളര്‍ന്ന് തലച്ചോറിന്റെ അംശങ്ങള്‍ പുറത്തേക്ക് വരുന്ന രീതിയിലാണ് അപകടം സംഭവിച്ചിട്ടുള്ളത്. താടിയെല്ലുകള്‍ക്കും പരിക്കുണ്ട്. നട്ടെല്ലിലെ കശേരുക്കള്‍ക്കും ക്ഷതം സംഭവിച്ചിട്ടുണ്ട്. അരക്കു താഴെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ട അവസ്ഥയിലാണ് ജെയിംസിനെ ആശുപത്രിയില്‍ എത്തിച്ചത്. മാസങ്ങളായി തൃശൂര്‍ – കുറ്റിപ്പുറംസംസ്ഥാനപാതയില്‍ റോഡ് വെട്ടിപൊളിച്ചാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പ് പൈപ്പ് ലൈന്‍ സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. കാണിപ്പയ്യൂര്‍, പാറേമ്പാടം എന്നിവടങ്ങളിലെ കുഴികളില്‍ വീണ് രണ്ടു യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് ജയിംസിന്റെ സഹോദരന്‍ സി എഫ് ബെന്നി അദാനി കമ്പനിക്കെതിരെ കുന്നംകുളം പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കമ്പനിക്കെതിരെ കേസെടുത്തി രുന്നു. ജയിംസിന്റെ ഭാര്യ എലിസബത് മക്കൾ: പ്രിയങ്ക, രോഷിണി, കിരൺ മരുമക്കൾ: പ്രദീപ്, അജിത്ത്

thrissur news