കാറളത്ത്‌ യുവാവിന്റെ കൊലപാതകത്തിൽ ആറ് പേർ അറസ്റ്റിൽ…

കാറളത്ത്‌ യുവാവ് വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറുപേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാറളം സ്വദേശികളായ അയ്യേരിവീട്ടിൽ കാറളം കണ്ണൻ എന്നു വിളിക്കുന്ന ഉണ്ണിക്കണ്ണൻ (52), മക്കളായ വിഷ്ണു (22), വിവേക് (24), പറമ്പൻവീട്ടിൽ വിശാഖ് (20), സഹോദരൻ വിഷ്ണു (25), എടക്കുളം പൂപ്പുള്ളി വീട്ടിൽ മുരുകേഷ് (22) എന്നിവരെയാണ് പോലീസ്‌സംഘം അറസ്റ്റ്‌ ചെയ്തത്. മറ്റു പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.ബുധനാഴ്‌ച വൈകുന്നേരം കാറളം ഇത്തിൾക്കുന്ന് പള്ളത്തിനടുത്തുള്ള കൊയ്‌ത്ത്‌ കഴിഞ്ഞ പാടത്തുവെച്ച് ക്രിമിനൽ പശ്ചാത്തലമുള്ള രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.കുമരഞ്ചിറ ക്ഷേത്രത്തിലെ ഭരണി ആഘോഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് മാർച്ച് രണ്ടിന് സംഭവത്തിൽ ഉൾപ്പെട്ട സേതുവിനെ ഇതേ സ്ഥലത്ത് വെച്ച് പരിക്കേൽപ്പിച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഇതിനു ശേഷവും ഇവർ തമ്മിൽ പലസ്ഥലത്തും വെല്ലുവിളികളും തർക്കങ്ങളും നടന്നു. ഇതാണ്
വിഷ്ണു വാഹിദിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ സേതു, ശിവ, സുമേഷ്, ആഷിഖ് എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.